മുറിവുകൾ
ജീവിതം ഒരു പിടുത്തം തരാത്ത കോമാളിയാണല്ലേ…..
ദിവസവും കാണുന്ന കാഴ്ചകൾ, തെരുവുകൾ, ചായക്കടകൾ,മനുഷ്യർ, എല്ലായിടത്തും എന്തൊക്കെയോ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒരു ഘടകം ഉണ്ടായിരിക്കണം….ചില സമയങ്ങളിൽ കയറി വരുന്ന വിഷാദത്തെ എത്ര പറഞ്ഞ് വിടാൻ തുനിഞ്ഞാലും അത് ചക്കയുടെ പശ പോലെ കൂടെ തന്നെ നിന്ന് കളയും…..വിരഹ ഗാനങ്ങൾ കേൾക്കാനും കണ്ണിൽ നിന്ന് നാം അനുഭവിക്കാത്തതോ അനുഭവിച്ചതോ ആയ എതെങ്കിലും വിരഹത്തിന്റെ ഓർമകളിൽ കണ്ണുനീരു കവിളിലേക്ക് ഒലിച്ചിറങ്ങും…..ആ വിഷാദ മൂകമായ സമയത്തെ മറികടക്കാൻ ചിലപ്പോ കുറെ സമയങ്ങൾ വേണ്ടി വന്നേക്കാം….നാം തന്നെ അതിന്റെ വേദനയിൽ അലിഞ്ഞിറങ്ങാൻ ഇഷ്ടപ്പെടും, അതിന്റെ തീവ്രത കൊറയാതിരിക്കാൻ അർജിത് സിംഗിനെയും മെഹ്ദി ഹസ്സനെയും കേട്ട് കൊണ്ടിരിക്കും….ഷഹബാസ് അമൻ “കാറ്റിൽ” പാടുമ്പോ ഞാൻ മാത്തൻ ആവും…അപ്പോ മാത്തന്റെ വേദന എന്റെയും കൂടെ ആവും….ഞാനതിൽ ആനന്ദം കണ്ടെത്തും…..അർജിത് സിങ് ഫിർ ലെ ആയാ പാടുമ്പോ ഞാനറിയാതെ ആത്മാവ് വേദനയുടെ വേറൊരു ലോകത്തേക്ക് പറന്ന് പോവും…..ആ ലോകത്ത് വിഷാദം തുടിക്കുന്ന മുഖമുള്ള ആളുകളോടൊപ്പം ഞാനും കുറച്ച് സമയം ഇരിക്കും….ആകാശം നോക്കും, കടലിനോട് മിണ്ടും…. വീണ്ടും ഈ മുഷിഞ്ഞ ലോകത്തേക്ക് തിരിച്ച് വരും…ഇവിടത്തെ ഒന്നിലും എനിക്ക് ഏകീകൃതമായി ഇരിക്കാൻ കഴിയുന്നില്ല….ഒന്നിലും തന്നെ എന്നെ പിടിച്ചിടാൻ കഴിയുന്നില്ല…ഒരു യാന്ത്രിക ജീവിതമാണെന്ന് പലപ്പോഴും തോന്നിപ്പോകും….


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ