വളി ശേഖരൻ (കഥ) കുട്ടൻ പോപോവിച്ച്


  • " 'ഉൾവിളി'... ലോകത്തുള്ള സകല മനുഷ്യരും ഈ ഉൾവിളിയിലൂടെ പലപ്പോഴായി കടന്ന് പോയി കാണണം. ആ ഉൾവിളിയുടെ പ്രേരണയാൽ ശേഖരൻ വിയർക്കാൻ തുടങ്ങി. "

അനിയന്ത്രിതമായി ചലിച്ച ഘടികാര സൂചികൾ ശേഖരനെ അന്നേ ദിവസം കൊണ്ടെത്തിച്ചത് മറ്റൊരു പ്രപഞ്ചത്തിന്റെ വാതിൽക്കലാണ്. നേരം വൈകിയെഴുന്നേറ്റ ശേഖരൻ കക്കൂസിലെ ഇരുത്തത്തെ മനപൂർവം മറന്ന്, പല്ല് തേച്ച് പുറത്തിറങ്ങി. തന്നെ തുറിച്ചു നോക്കുന്ന ഇഡലി കഷ്ണങ്ങളിൽ നിന്ന് രണ്ടെണ്ണം അകത്താക്കിയതിന് ശേഷം ശേഖരൻ പ്രത്യേക തരം ശബ്ദം പുറപ്പെടിപ്പിക്കുന്ന തന്റെ ആക്ടിവയിൽ ഓഫിസ് വെച്ച് പിടിച്ചു. 
" വൈ ആർ യു ലേറ്റ് മിസ്റ്റർ ശേഖർ? പിന്നെ താൻ ഇന്നലെ എന്നോട് വിവരിച്ച കാര്യം നമ്മുടെ ടീമിനെയും കൂടിയൊന്ന് ബോധ്യപ്പെടുത്തണം. സൊ, ഇന്ന് പത്തരയ്ക്ക് നമുക്കൊരു ബോഡ് മീറ്റിംഗ് കൂടാം. "
" താങ്ക് യു സർ. "
കൃത്യം പത്തരയ്ക്ക് തന്നെ തലച്ചോറുകൾ കംപ്യൂട്ടറിന് പണയം വെച്ച കുറച്ച് പേര് കോൺഫറൻസ് ഹാളിൽ ഒത്തുകൂടി. ശേഖരൻ വിശദീകരണം തുടങ്ങി. 
' ഉൾവിളി '... ലോകത്തുള്ള സകല മനുഷ്യരും ഈ ഉൾവിളിയിലൂടെ പലപ്പോഴായി കടന്ന് പോയി കാണണം. ആ ഉൾവിളിയുടെ പ്രേരണയാൽ ശേഖരൻ വിയർക്കാൻ തുടങ്ങി. ശേഖരന്റെ നാവിൽ നിന്നും വാക്കുകൾ താളം കണ്ടെത്താനാവാതെ കുഴഞ്ഞു. വയർ ലക്ഷ്യം വെക്കുന്നതെന്തോ അതിനെ തേടി കണ്ണുകൾ അലയുവാൻ തുടങ്ങി. 
' കക്കൂസ് '. ശേഖരനത് കണ്ടെത്തും മുമ്പേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശേഖരൻ സ്ഫോടനാത്മകമായൊരു വളി വിട്ടു. 
നിശബ്ദത. പരസ്പര നോട്ടങ്ങൾ. ഒരു പത്ത് സെക്കന്റ്‌ മുന്നേ ആരും അറിയാതെ കീഴ്ശ്വാസം വിട്ടവന്റെ വക പരിഹാസ ചിരി. 
"സൊ, ശേഖർ ഇതിന്റെ ഒരു പ്രായോഗിക വശത്തെ കുറിച്ച് പറഞ്ഞാൽ നന്നായിരിക്കും. "
അവിടെ നടന്ന സ്ഫോടനത്തെ കുറിച്ച് യാതൊരു അറിവും ലഭിക്കാത്ത വ്യക്തിയെന്ന നിലയ്ക്കാണ് സി. ഇ. ഒ. യുടെ ചോദ്യം. 
ഏഴ് പെഗ്ഗ് അകത്താക്കിയ ശേഖരൻ തന്റെ ഫോണിലേക്ക് കണ്ണുകൾ പതിപ്പിച്ചു. കമ്പിനി ഗ്രൂപ്പിൽ ഒരു ചർച്ചയ്ക്കിടെ പുതുതായി കയറി വന്ന നസ്രാണി പയ്യന്റെ വക ഒരു സ്റ്റിക്കർ. സ്റ്റിക്കറിൽ ശേഖരന്റെ മുഖവും താഴെ വളി ശേഖരൻ എന്ന അടിക്കുറിപ്പും. 
അശാന്തമായി അലയടിക്കുന്ന തിരകളെ നോക്കി ഇവറ്റകളോട് താൻ എന്ത് പറയുമെന്നോർത്ത് ശേഖരൻ വിഷമിച്ചു. ഒടുവിൽ തിരകളിലേക്ക് തന്റെ കീഴ്ശ്വാസത്തെക്കാൾ ഭീകരമായ ശബ്ദവുമായി ശേഖരൻ ലയിച്ചു ചേർന്നു. 

            കുട്ടൻ പോപോവിച്ച്

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌