ഗൂഢസംഘം (കുട്ടൻ പോപോവിച്ച്)
ഗൂഢസംഘം
"പെമ്പറന്നോത്തിയുടെ മുടിയി കയറി പിടിക്കണം. " ജനാലയ്ക്കരികിലെ സീറ്റിലിരുന്ന കുട്ടാപ്പി വളരെ ആവേശത്തോടെ പറഞ്ഞു.
" ചാൻസ് കിട്ടിയ മൊലയിലും പിടിക്കണം. " കുട്ടാപ്പിയെക്കാൾ ആവേശത്തിൽ ഞാൻ മറുപടി കൊടുത്തപ്പോൾ കുട്ടാപ്പിയുടെ മുഖത്ത് നാണം വിരിഞ്ഞു.
" അയിനുള്ള കൊട്ടേഷൻ അങ്ങേര് തന്നിണ്ട? " മുഖത്തെ ചുവപ്പ് മാറുന്നതിനിടയിൽ കുട്ടാപ്പി ചോദിച്ചു.
" ഫുള്ളായിട്ടല്ലേ തന്നേക്കണേ, എന്ത് വേണേലും ആവാം. " ചുണ്ടുകൾ അടക്കി പിടിച്ച് കുട്ടാപ്പി തന്റെ നാണം മറച്ചു വെച്ചു.
പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ചതിന് ശേഷം അച്ഛൻ പണിയെടുത്തത് മുഴുവൻ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയായിരുന്നു. ആ വകയിൽ നാട്ടിലെ ചില പ്രമാണിമാർക്കിടയിൽ നിന്ന് അച്ഛനും നമ്മുടെ കുടുംബത്തിനും അത്യാവശ്യം നല്ല ബഹുമാനം കിട്ടി പോന്നിരുന്നു. ഡിഗ്രി കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഭൂരിപക്ഷം മടിയന്മാരെയും സ്വപ്നസഞ്ചാരിയാക്കി മാറ്റുന്ന സിനിമ ഭ്രാന്ത് എന്നെ പിടികൂടുന്നത്. ഒരു പണിക്കും പോകാതെ വീട്ടിൽ വെറുതെ ഇരിക്കാൻ ഞാൻ കണ്ടെത്തിയൊരു ഉപാധിയായിരുന്നു സിനിമ. സിനിമയാണ് എന്റെ മേഖല എന്ന് നാട്ടുകാരെ അറിയിക്കുവാൻ ചായക്കടയിൽ നിന്ന് ടിനു പാപ്പച്ചനിനാണെന്നും പറഞ്ഞ് കൊല്ലത്തുള്ളൊരു കൂട്ടുകാരന് ഫോണും ചെയ്യും.
വിദേശ സിനിമകൾ ധാരാളം കണ്ടാലേ നല്ല സംവിധായകനാവാൻ കഴിയുള്ളൂ എന്ന് പറഞ്ഞു കൊണ്ട് അച്ഛനൊരു പെൻ ഡ്രൈവ് എന്റെ കയ്യിലേക്ക് വെച്ചു നീട്ടി. പല സിനിമകൾ, പല രാജ്യങ്ങൾ, പല ഭാഷകൾ, പല നിറങ്ങൾ...
സിനിമയാണ് സ്വപ്നമെന്ന് പറഞ്ഞ അന്ന് അച്ഛനൊരു ഉപദേശം മാത്രമേ നൽകിയുള്ളൂ.
" ഇത് വല്ലാത്തൊരു ആയുധാണ് മോനെ, ഇത് കൊണ്ട് മറ്റുള്ളോരെ ഇല്ലാതാക്കേയും വേണം, ഇത് കൊണ്ട് തന്നെ നമ്മൾ നമ്മളെ സംരക്ഷിക്കയും വേണം."
അങ്ങനെ ഒരിക്കെ മാർട്ടിൻ സ്കോർസിയുടെ ടാക്സി ഡ്രൈവർ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് കുട്ടാപ്പിയും സനലും വീട്ടിൽ വരുന്നത്.
" ടാ, അത്യാവശ്യായിട്ട് ഒരു കാര്യം പറയാനിണ്ട്. നീയൊന്ന് വന്നേ. " ക്ഷേത്രത്തിന്റെ കണക്ക് നോക്കുകയായിരുന്ന അച്ഛനെ ഇടക്കണ്ണിട്ട് നോക്കി കൊണ്ട് സനൽ പറഞ്ഞു. സ്ഥിരം പന്ത് കളിക്കാറുള്ള മൈതാനത്തേക്ക് നമ്മൾ മെല്ലെ നടന്ന് തുടങ്ങി.
"എന്താട കാര്യം? "
" ഒരു കോളത്തിട്ടുണ്ട്. കവലേന്ന് നായരെ കണ്ടപ്പോ മൂപ്പര പറഞ്ഞെ. സംഗതിക്ക് നീ റെഡിയാണെങ്കി കാര്യയെന്താണെന്ന് പറഞ്ഞര. " കിതച്ചു തീരുന്നതിനു മുമ്പേ സനൽ മുഴുവനും പറഞ്ഞു തീർത്തു.
"നായരുവായിട്ട് ഒരു പരിപാടിക്കും ഞാനില്ലെന്ന് പറഞ്ഞല്ലേ, ഇനിയിപ്പൊ എത്ര ലക്ഷം തരാന്ന് പറഞ്ഞാലും സനലേ നമ്മളെ ഒഴിവാക്കിയേക്ക്." ഇരച്ചു കയറിയ കോപത്തെ അടക്കിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു നിർത്തി.
" ടാ, പണ്ട് നമ്മള് മൂപ്പരുവായിട്ട് എത്ര പണിക്കു പോയിട്ടുണ്ട്. അങ്ങ് കോയമ്പത്തൂര് വരെ പോയത് ഓർക്കിണ്ട നീ? ഇത് അയിന്റത്രൊന്നും ഇല്ലട. നീ വെറുതെയൊന്ന് കൂടെ നിന്ന മതി, ബാക്കിയൊക്കെ നമ്മള് നോയിക്കോള. നീ ഇല്ലാതെ എങ്ങനെടാ? " സനലിന്റെ മുഖത്ത് നിരാശയുടെ വിത്തുകൾ മുളച്ചു തുടങ്ങുന്നുണ്ടായിരുന്നു.
" അല്ലേലും മാപ്പ് കൊടുക്കാൻ പറ്റണ തെറ്റല്ലേ നായര് ഇവനോട് ചെയ്തുള്ളൂ. " കുട്ടാപ്പി തന്നിലേക്ക് ഉരുണ്ടു വന്ന പന്തിനെ ചവിട്ടി നിർത്തി കൊണ്ട് പറഞ്ഞു.
ഓണത്തിന്റെ വൈകിട്ട് ഞാനും കുട്ടാപ്പിയും സനലും ബദ്‌റുക്കയുടെ ടൈലർ കടയുടെ മുകളിൽ രണ്ട് ഫുൾ ഓൾഡ് മോൻകും ബീഫ് വരട്ടിയതും വെച്ച് ഓണാഘോഷിക്കുകയായിരുന്നു. നായർ വീട്ടിൽ നിന്ന് കുറച്ച് പായസവും എടുത്ത് നമ്മുടെ കൂട്ടത്തിൽ കൂടി. ഏഴ് പെഗ്ഗ് സമ്മാനിച്ച ബോധമില്ലായ്മയിൽ ഞാൻ പായസത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്തു. തൊട്ടു കൂട്ടാൻ വെച്ചിരുന്ന ബീഫ് എടുത്ത് ഞാൻ പായസത്തിലിട്ടങ്ങ് ഇളക്കി. നായരുടെ കണ്ണുകൾ ചുവന്നു. വെളിച്ചപ്പാടിനെ ഓർമിപ്പിക്കും വിധം അയാൾ ഉറഞ്ഞു തുള്ളുവാൻ തുടങ്ങി. കലി മൂത്തപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മരക്കഷ്ണമെടുത്ത് അയാൾ എന്റെ തലക്കടിച്ചു.
ഈ നായരുമായി ലോഹ്യത്തിലായി കൊണ്ട് ഒരു ഏർപ്പാടിനുമില്ലെന്ന് ഞാൻ സനലിനോട് അന്നേ പറഞ്ഞതാണ്. തിരിച്ച് വീട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചപ്പോളാണ് സനൽ അടുത്ത അടവ് പഴറ്റുന്നത്.
"ട, വെറുമൊരു വീട്ടി കയറി ആ വീട്ടിലെ പെണ്ണുങ്ങളെയും കുട്ടിയളെയും പേടിപ്പിച്ച കിട്ടാൻ പോന്നതെ അമ്പതിനായിരം രൂപയാണ്. പോരാഞ്ഞിട്ട് ശസ്‌തപുരി ബാറീന്ന് ട്രീറ്റും. "
അമ്പതിനായിരം എന്നത് ഞാൻ ചെവിയിലേക്ക് കടത്തി വിട്ടതേയില്ല. എന്നാൽ, ശസ്‌തപുരി എന്ന് കേട്ടപ്പോൾ നായരുമായുള്ള എല്ലാ വഴക്കും ശൂന്യതയിൽ വിലയം പ്രാപിച്ചു.
" ഈ ചങ്ങായി ബാംഗ്ലൂരെങ്ങാനോ ആണ്. നമ്മടെ പാർട്ടിക്ക് ഈ ചങ്ങായി കോടി കണക്കിന് രൂപ കൊടുക്കാനിണ്ട്. ആള് ബിസ്സിനസ്സ് പൊട്ടിയപ്പോ നാട് വിട്ടെന്ന പറയണേ. നമ്മളെ പാർട്ടി ആളെ കിട്ടാൻ പല വഴിയും നോക്കി, ഒന്നും നടക്കണില്ല, അങ്ങനെയാ അവര് എന്നെ വിളിക്കണേ. " എം. സി. യിൽ നിന്നൊരു പെഗ്ഗ് ചുണ്ടിലേക്ക് അടുപ്പിച്ചു കൊണ്ട് നായർ പറഞ്ഞു.
" നമ്മളെന്താ ചെയ്യണ്ടേ? " അസ്വസ്ഥനായിരിക്കെ ഞാൻ നായരുടെ നേർക്ക് ചോദ്യമെറിഞ്ഞു.
" ഒന്നുല്ലടാ, ജസ്റ്റ് അയാളുടെ വീട്ടി പോക, അയാളുടെ ഭാര്യയും മക്കളെയും പേടിപ്പിക്ക. "
കുരിശുമലയെത്തുമ്പോഴേക്കും കുട്ടാപ്പി നല്ല ഉറക്കമായിരുന്നു. നായർ മഞ്ഞു കൊള്ളാതിരിക്കുവാൻ തന്റെ കൈയ്യിലെ തുവാല കൊണ്ട് തല മുഴുവനായി മറച്ചിരുന്നു. ബസ്സിൽ നിന്നിറങ്ങിയ ശേഷം അവിടെയുള്ള ചെറിയ ബേക്കറിയിലേക്ക് നമ്മൾ നടന്നു.
" ചേട്ടാ ഈ ജേക്കബിന്റെ വീടെവിടെയാ? " നായർ ബേക്കറിയിലെ ചെറുപ്പക്കാരനോട് ചോദിച്ചു. അപരിചിതനെ ചേട്ടാ എന്ന് വിളിക്കുന്നത് നായരുടെ ഒരു ശീലമാണ്.
" ഏത് ജേക്കബ്? "താടി രോമങ്ങൾക്കിടയിലൂടെ വിരലുകളെ മേയാൻ വിട്ടുകൊണ്ട് അയാൾ ചോദിച്ചു.
" ഈ മാർബിളിന്റെയൊക്കെ കച്ചോടുള്ള. " സംശയം നിഴലിച്ചു നിൽക്കുന്ന അയാളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ മറുപടി പറഞ്ഞു.
" ഞാനങ്ങോട്ട മക്കളെ. " ഒരു വൃദ്ധൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.
" ഇങ്ങളൊക്കെ അവന്റെ കൂട്ടുകാരായിരിക്കും അല്ലെ? " ചുമയിലൂടെ വന്ന ചോദ്യത്തിന്റെ ചില അക്ഷരങ്ങൾ വ്യക്തമായില്ല.
നമ്മൾ അതെയെന്ന് പറഞ്ഞ് അയാളുടെ പിന്നാലെ കൂടി. അന്തരീക്ഷത്തിലെ മഞ്ഞ് കാഴ്ച്ചയെ കവർന്നെടുക്കുന്നുണ്ടായിരുന്നു. കാഴ്ചകൾക്കപ്പുറത്ത് കേൾവികൾ ദൃഢമായപ്പോൾ ചില നിലവിളികൾ കേൾക്കാൻ തുടങ്ങി. കുറച്ച് ദൂരെ ഒരു വീട് മെല്ലെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആ വീടിന് ചുറ്റും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതായിയും ശ്രദ്ധയിൽ പെട്ടു. നിലവിളികൾ പരക്കെ ഉയരുന്ന ആ വീട്ടിലേക്ക് തന്നെയാണ് വൃദ്ധൻ നമ്മളെയും കൊണ്ട് പോകുന്നത്. ആളുകൾക്കിടയിലൂടെ മെല്ലെ വീട്ടിലേക്ക് കയറി. മഞ്ഞിലേക്ക് നഷ്ടപ്പെടലിന്റെ വേദനകൾ മെല്ലെ ലയിച്ചു ചേരുന്നത് ഞാൻ കണ്ടു. നമ്മുടെ അടുത്തേക്ക് താടി നീട്ടി വളർത്തിയൊരാൾ വന്നു. വൃദ്ധൻ ഞങ്ങളെ ജേക്കബിന്റെ കൂട്ടുകാരാണെന്ന് പരിചയപ്പെടുത്തി. അവിടുത്തെ അന്തരീക്ഷം എന്നെ ഓർമ്മപ്പെടുത്തിയത് ഡോൺ പാലത്തറയുടെ ശവം എന്ന സിനിമയെയാണ്. ഞാൻ നായരെയും കൂട്ടരെയും കൊണ്ട് മെല്ലെ ഗേറ്റിനു പുറത്തേക്ക് ചെന്നു. ഒരു സിഗരറ്റ് കത്തിച്ചു.
" കയ്യീന്ന് പോയി. " മഞ്ഞിനെ ചുംബിച്ച പുകയെ നോക്കി ഞാൻ പറഞ്ഞു.
" കരാർ പിൻവലിക്കാത്ത സ്ഥിതിക്ക് നമക്ക് ഇവിടെ കയറിയങ്ങ് സീനാക്കിയാല. " വളരെ ഗൗരവത്തോടെ കുട്ടാപ്പി തന്റെ അഭിപ്രായം മുന്നോട്ട് വെച്ചു.
" എന്നിട്ട് വേണം നാട്ടാര് കൈ വെക്കാൻ. നമക്ക് മെല്ലെ വലിയ്യണതാണ് നല്ലത്. അയിന് മുമ്പ് ആരാന്ന് ചത്തേന്ന് അറിയണ്ടേ? " പണി നടക്കാത്തതിന്റെ അമർഷം കടിച്ചു പിടിച്ചു കൊണ്ട് നായർ ചോദിച്ചു.
" ജേക്കബന്നെ. അല്ലാതാര്? കടം കയറിയപ്പോ ആത്മഹത്യ ചെയ്തിണ്ടാവും. " സനൽ സുപ്രധാനമായ എന്തോ കണ്ടെത്തിയ മട്ടിൽ പറഞ്ഞു നിർത്തി.
മുമ്പ് നമ്മളെ പരിചയപ്പെട്ട നീണ്ട താടിയുള്ള മനുഷ്യൻ നമ്മുടെ അടുത്തേക്ക് വന്നു. അയാളുടെ നടത്തത്തിൽ നിന്ന് തന്നെ ചോദിക്കാൻ പോകുന്ന കാര്യം ഊഹിക്കാവുന്നതാണ്.
" ഞാൻ തോമസ്, ജേക്കബിന്റെ അനിയനാണ്. " കഷ്ടപ്പെട്ട് വരുത്തിയ പുഞ്ചിരിക്ക് ശേഷം അയാൾ സ്വയം പരിചയപ്പെടുത്തി.
" നിങ്ങക്കങ്ങനെയാ ഇച്ചായനെ പരിചയം? " എല്ലാവരും നായരെ നോക്കി. വേണ്ട സമയത്ത് വിശ്വസിക്കും വിധം നുണ പറയുവാൻ നായർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ.
" നമ്മൾ ബാംഗ്ളൂരിന്ന് ഇടക്ക് കൂടാറുണ്ട്. മാത്രല്ല എന്റെ ബിസ്സിനസ്സ് ആവശ്യങ്ങൾക്ക് പലപ്പോഴായി ജേക്കബ് സഹായിച്ചിട്ടുമുണ്ട്. "
"ഓ. പക്ഷെ ഇങ്ങനെ കൊറച്ച് ഫ്രണ്ട്‌സ് ഉള്ള കാര്യം നമ്മള് ഇത് വരെ അറിഞ്ഞില്ല. പിന്നെ ചേട്ടാ ചോയിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. ഇവിടെ ഒട്ടാകെ വല്ല്യ ചെലവുണ്ടെ. ചേട്ടന് അറിയാലോ ഒരാള് മരിച്ച നമ്മുടെ ചടങ്ങും കാര്യയൊക്കെ. ഇച്ചായൻ പലപ്പോഴായിട്ട് സഹായിച്ചവരല്ലേ ഇങ്ങളൊക്കെ... ഇവിടിപ്പൊ ഞാനാ മൊത്തം ചെലവും നോക്കണെ, എന്റെ മോൾടെ കല്യാണവുമാണെ അടുത്ത മാസം. ഇങ്ങളൊക്കെ കൂടി എന്തെങ്കിലും.... "
നായർ പോക്കറ്റിൽ നിന്ന് അഞ്ഞൂറ് രൂപയെടുത്തു. സനൽ കണ്ണിലൂടെ സംവദിച്ചത് നായർക്ക് മനസ്സിലായത് കൊണ്ടാവണം, നായർ അഞ്ഞൂറ് രൂപ തിരിച്ചു കീശയിൽ തന്നെ വെച്ചു. ഈ കൊട്ടേഷന് അഡ്വാൻസ് കിട്ടിയ പതിനായിരം രൂപ കുട്ടാപ്പി തോമസിന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് തോമസ് മെല്ലെ നടന്നു നീങ്ങി. കുട്ടാപ്പിയുടെ മുന്നിൽ നായർ സ്തംഭിച്ചു നിന്നു. വീട്ടിന്റെ ഉള്ളിൽ നിന്നും നിലവിളി ഉയർന്നു, കുട്ടാപ്പി അനന്തതയിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
- കുട്ടൻ പോപോവിച്ച്-


ഇഷ്ടായി!😍🔥
മറുപടിഇല്ലാതാക്കൂ🔥
മറുപടിഇല്ലാതാക്കൂ🥰
മറുപടിഇല്ലാതാക്കൂ🔥
മറുപടിഇല്ലാതാക്കൂനല്ലെഴുത്ത്
മറുപടിഇല്ലാതാക്കൂ