മുജിസെ (ഫിലിം റിവ്യൂ )
മുജിസെ: സിനിമയിലെ കൾച്ചറൽ വിനിമയങ്ങളുടെ വഴികളും സാധ്യതകളും
"Love is hard work. If you can't do the hard work, you can't say that you have experienced true love"
സിനിമകൾ വെറും കാഴ്ച്ചക്കും എൻ്റർടൈയ്ൻമെൻ്റിനും മാത്രമുള്ളതല്ല, അത് സംസ്കാരത്തെയും ഭാഷയെയും വിനിമയം ചെയ്യുന്ന സാമൂഹ്യ വൽക്കരണത്തിൻ്റെ ടൂൾ കൂടിയാണ്. ടർക്കിഷ്, ഇറാനിയൻ ഫിലിമുകൾ കാണുമ്പോൾ മുകളിൽ പറഞ്ഞ പ്രസ്താവന കുറെ കൂടി വ്യക്തമാകുന്നതാണ്. മജീദ് മജീദിയുടെ children of heaven,The song of sparrows തുടങ്ങിയ സിനിമകളെ പൊതുവെ പ്രേക്ഷക സമൂഹം 'നന്മയുള്ള പടം' എന്ന ടൈറ്റി ലിലാണ് പരിചയപ്പെടുത്താറുള്ളത്.
റിയലിസത്തിൻ്റെ യഥാർത്ഥ ഭാവങ്ങളാണ് മജീദിയുടെ ഫിലിമുകളിൽ പ്രതിഫലിക്കുന്നത്. ഹിഡൻ ക്യാമറകൾ ഉപയോഗിച്ചാണ് ചിൽഡ്രൻ ഓഫ് ഹെവനിലെ പല ഷോട്ടുകളും ഷൂട്ട് ചെയ്തിട്ടുള്ളത് എന്ന് മനസ്സിലാക്കുമ്പോർ അതിൻ്റെ റിയാലിറ്റി നമുക്കൂഹിക്കാവുന്നതാണ്.മുഖ്യധാരാ സിനിമകളിലെ ക്യാമറക്ക് മുന്നിൽ മേക്കപ്പിട്ട് ആക്ഷനും കട്ടും പറയും പോലെയല്ലന്നർത്ഥം. ജീവിതം നേരിട്ടു പകർത്തി സമൂഹത്തിലെത്തിക്കുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. അവിടത്തെ ജനങ്ങളുടെ ജീവിതരീതിയും കുട്ടികളുടെ നിഷ്കളങ്കതയും പിതാവിൻ്റെ സത്യ സന്ധതയും പരസ്പരമുള്ള സഹായ മനസ്കതയുമെല്ലാം അദ്ദേഹത്തിന് സിനിമയിലൂടെ വ്യക്തമായി പകർത്തിയെടുക്കാൻ കഴിയുന്നുണ്ട്.
1960 കളിലെ തർക്കിയിലെ പ്രാന്ത പ്രദേശത്തെ ജീവിതത്തെയും അവരിലെ സാംസ്കാരിക, രാഷ്ട്രീയ എലമെൻ്റുകളെയും സുന്ദരമായി വിഷ്യലൈസ് ചെയ്യുന്ന സിനിമയാണ് The Miracle (Mucize) എന്നത്.മഹ്സൂൻ കിർമി സിഗൽ (Mahsun Kirmizigul) സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായാണ് ചിത്രം നിർമിച്ചിട്ടുള്ളത്. ലോകത്തെമ്പാടും സിനിമ വ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്.
തുക്കിയിലെ ഒരു കുഗ്രാമത്തിൽ എത്തിച്ചേരുന്ന മാഹിർ എന്ന അദ്ധ്യാപകൻ്റെയും അയാളിലൂടെ വിദ്യാഭ്യാസത്തിൻ്റെ പുതിയ ലോകത്തേക്ക് കടന്ന് വരുന്ന ദേശക്കാരെയും ഗ്രാമമുഖ്യൻ്റെ മകനായ അസീസ് എന്ന ചെറുപ്പക്കാരൻ്റെ മാനസിക-ശാരീരിക അവശതകളെയുമാണ് ഒന്നാം ഭാഗത്തിൽ പറയുന്നത്. സംസാരിക്കാനോ നല്ലത് പോലെ നടക്കാനോ കഴിയാത്ത അസീസിനെ മാഹിർ പരിചരിക്കുകയും അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെയുമാണ് രണ്ടാം ഭാഗത്തിൽ പ്രതിപാധിക്കുന്നത്. അവിടത്തെ വിവാഹ സമ്പ്രദായങ്ങൾ, സ്ത്രീകളുടെ ജീവിത രീതികൾ എന്നിവ ഏറെ വ്യത്യസ്തവും കാണേണ്ടതുമാണ്. രണ്ട് ഭാഗങ്ങളിലും കോമൺ ഫാക്ടറായിട്ടുള്ളത് അസീസിൻ്റെയും അവൻ്റെ ഭാര്യ മിസ്ഗിൻ്റെയും ജീവിതമാണ്. സുന്ദരിയായ മിസഗിനെ അസീസിന് ലഭിക്കുന്നത് ചില ട്വിസ്റ്റുകളിലൂടെയാണ്. എങ്കിലും അവനെ ആത്മാർത്ഥമായി പരിചരിക്കുന്നതും സ്നേഹിക്കുന്നതും കാണുമ്പോൾ പലയിടത്തും നമ്മുടെ കണ്ണുകൾ നിറയും.
ആദ്യ ഭാഗത്ത് പ്രകൃതി രമണീയമായ ഗ്രാമ പ്രദേശമാണെങ്കിൽ രണ്ടിൽ ആധുനിക തുർക്കിയുടെ മുഖമാണ് കാണാൻ കഴിയുക. ഡിസേബിൾ സമൂഹത്തോട് നാമെങ്ങനെ പ്രതികരിക്കണമെന്നും നീണ്ട പരിചരണവും സ്നേഹവും കരുതലും ലഭിച്ചാൽ വൈകല്യങ്ങൾ വഴി മാറിത്തരുമെന്നും ഈ ഫിലിം നമ്മെ പഠിപ്പിക്കുന്നുണ്ട്. സിനിമ കഴിയുമ്പോൾ മാഹിറും മിസ്ഗീനും ആ നാട്ടുകാരും സ്നേഹത്തിൻ്റെ, തലോടലിൻ്റെ, കരുതലിൻ്റെ മാലാഖമാരായി നമ്മുടെ ഹൃദയത്തിൽ കുടികൊള്ളും തീർച്ച.Enculturation എന്ന സാമൂഹ്യ പ്രക്രിയ ഇത്തരം സിനിമകളിലൂടെ എങ്ങനെ സംഭവിക്കുമെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.മലയാള ഫിലിം ഇൻടസ്ട്രിയിൽ മുഹ്സിൻ പരാരി, സകരിയ്യ കൂട്ടുകെട്ട് സുഡാനി ഫ്രം നൈജീരിയയിലൂടെയൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നത് ഇത്തരം കൾച്ചറൽ വിനിമയങ്ങളാണ്.
ശഫീഖ് മുഹമ്മദ്


Simple, Elegant ❤️
മറുപടിഇല്ലാതാക്കൂ