
മനുഷ്യൻ്റെ വായനാ പരതയെ പരിപോഷിപ്പിക്കാൻ ക്രൈം നോവലുകൾക്ക് പ്രത്രേക കഴിവുണ്ട്.ആർതർ കോനൻ ഡോയലിൻ്റെ ഷെർലെക് ഹോംസും ഴാൻ ബ്രൗണിൻ്റെ ഇൻഫർണോയും ഡാവിഞ്ചി കോഡുമെല്ലാം സയൻസ്, കുറ്റന്വേഷണം തുടങ്ങിയ വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്നുണ്ടെങ്കിലും വായനക്കാരെ പിടിച്ചിരുത്തുന്നത് അതിലെ ഉദ്യേഗജനകമായ പരിസരങ്ങളാണ്.മലയാളത്തിലും ക്രൈം നോവലുകൾക്ക് കുറവൊന്നുമില്ല. കോട്ടയം പുഷ്പനാഥ്, മെഴുവേലി ബാപ്പുജി,ജോസി വാഗ മറ്റം,ബാറ്റൺ ബോസ് തുടങ്ങിയ ഒട്ടേറെ എഴുത്തുകാർ ആ കളരിയിൽ നിരനിരയായി എഴുന്നു നിൽക്കുന്നുണ്ട്. എൻ്റെ ചെറുപ്പകാലത്തെ വായനാ ക്ഷമതയെ കാര്യമായി പ്രോത്സാഹിപ്പിക്കാൻ ഇത്തരം കൃതികൾക്ക് ഏറെ കഴിഞ്ഞിട്ടുണ്ട്. നാട്ടിലെയും ഹോസ്റ്റലിനടുത്തെയും പബ്ലിക് ലൈബ്രറികളിൽ നിന്ന് പത്തും പതിനഞ്ചും ക്രൈം നോവലുകൾ കൊണ്ട് വന്ന് ക്ലാസിനു പോലും പോകാതെ വായിച്ച് തരിച്ചിരുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്.നമ്മുടെ പൊതു ധാരാ സാഹിത്യ ബോധത്തിൽ ക്രൈം നോവലുകളുടെയും കുറ്റന്വേഷണ കഥകളുടെയും തലതൊട്ടപ്പനായി കോട്ടയം പുഷ്പനാഥിനെ മാത്രം എക്സാജറേറ്റ് ചെയ്യുന്നതിൽ വായനക്കാരനെന്ന നിലക്ക് ഏറെ മുഷിപ്പുളവാക്കുന്നുണ്ട്. കാരണം പുഷ്പനാഥിനെ വായിക്കും പോലെ മെഴുവേലി ബാബുജിയെയും ബാറ്റൺ ബോസിനെയും ഞാൻ വായിച്ചിട്ടുണ്ട്.ഏറെ ഹൃദ്യമായത് ബാബുജിയായിരുന്നു. അങ്ങേരുടെ എഴുത്തിനോടുള്ള ഇഷ്ടം കൊണ്ട് ടിയാനെക്കുറിച്ചുള്ള അന്വേഷണത്തിലെത്തി കാര്യങ്ങൾ. പത്തനംതിട്ടക്കാരനാണെന്നും അദ്ധ്യാപകനാണെന്നുമൊക്കെ പിന്നീടറിയാൻ കഴിഞ്ഞു.

തക്ഷകൻ, കടൽ പോര് ,റേഞ്ച്, നീണ്ടകര, മറയൂർ, മുല്ലപ്പെരിയാർ തുടങ്ങിയ ഒട്ടനേകം ക്രൈം ത്രില്ലറുകൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിന് അക്കാദമിക് തലത്തിൽ അതെന്ത് നൽകിയെന്ന ചോദ്യങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. പുഷ്പനാഥിൻ്റെ എഴുത്തുകൾ ഡിസ്ക്രിപ്റ്റീവായാണ് എനിക്കനുഭവപ്പെട്ടത്. ഒഴുക്കില്ലാത്ത വിവരണങ്ങൾ. വായനക്കാരനെ പിടിച്ചിരുത്തുന്ന എലമെൻ്റുകൾ അതിൽ നന്നേ കുറവെന്ന് തന്നെ പറയാം.എന്നാൽ ബാബുജിയുടെ സ്റ്റൈൽ ഓഫ് റൈറ്റിംങ്ങ് നേരെ തിരിച്ചായിരുന്നു. തുടക്കം ഒടുക്കം വരെ വായനക്കാരനെ അത് പിടിച്ചിരിത്തും. നോവലിൽ വിവരിക്കുന്ന ഓരോ ഇടങ്ങളെയും ക്രിത്യമായ എതനോഗ്രഫിക്കൽ സ്റ്റഡീസിന് വിധേയമാക്കിയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് വായനക്കാരന് മനസ്സിലാകും. കാന്തല്ലൂർ, വട്ടവട, മറയൂർ തുടങ്ങി തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പൊളിറ്റിക്സിനെയും പരിസ്ഥിതി പ്രശ്നങ്ങളെയും കൃത്യമായി പറഞ്ഞ് വെക്കാനും വായനക്കാരനെ ഉദ്യോഗത്തിൻ്റെ പാരമ്യതയിലെത്തിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ക്രൈം നോവലുകളുടെ വായനാ ക്ഷമത മെഴുവേലി ബാബുജിയിലേക്കും നീങ്ങട്ടെയെന്ന് മാത്രമാണ് ഈ എഴുത്തിൻ്റെ ഉദ്ദേശ്യമെന്ന് ചുരുക്കിപ്പറയാം.
ശഫീഖ് മുഹമ്മദ്
😍😍😘
മറുപടിഇല്ലാതാക്കൂ