പെരുന്നാൾ പൊലിവ്

അബ്ബാസ്ക്കാടെ തക്ബീറില്ലാത്ത പെരുന്നാൾ

വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററോളം നടക്കാനുണ്ട് ജുമുഅത്ത് പളളീക്ക്. അത്ര തന്നെ നടക്കണം മദ്രസയിലേക്കും. ആറ് വരെ മാത്രമെ നാട്ടിലെ മദ്രസ്സയിൽ പഠിച്ചുള്ളൂ. പിന്നെ അങ്ങിങ്ങായി 'ഒരു കൂരക്ക് കീഴെയും സ്ഥിരമായി നിൽക്കാത്ത' സൂസന്നയിലെ ചന്ദ്രനെപ്പോലെ പലേടത്തും പഠിച്ചു.ചെറുപ്പം തൊട്ടെ എൻ്റെ നിറമുള്ള പെരുന്നാളോർമകളിൽ പ്രിയപ്പെട്ടതായിരുന്നു അബ്ബാസ്ക്കാൻ്റെ തക്ബീർ.രാവിലെ പള്ളിയിലേക്ക് ഇറങ്ങുമ്പോഴേ ഈണമുള്ള മൂപ്പരെ നീട്ടിയുള്ള തക്ബീർവിളികൾ കേൾക്കാം. അന്നത്തെ തക്ബീർ വിളി മൂപ്പരെ കുത്തക ആയിരുന്നു. ചെറുപ്പത്തിലൊക്കെ പള്ളിയിലെത്തുംവരെ ഇക്കാക്കമാരുടെ കൂടെ അബ്ബാസ്ക്കാൻ്റെ തക്ബീറിൻ്റെ താളത്തിൽ ഞങ്ങളും ചൊല്ലിയിരുന്നു. ഇപ്പോ എല്ലാരും വാഹനങ്ങളിലായപ്പോ അതിൻ്റെ മൊഞ്ചും പോരിശയുമൊക്കെ നഷ്ടമായി.പെരുന്നാൾ ദിനങ്ങൾക്ക് കുറെ കഥകൾ പറയാനുണ്ട്.തലേന്ന് മുതലേ പുത്തനുടുപ്പ് പലവട്ടം മണത്ത് നോക്കിയും ഇട്ട് നോക്കിയും ആത്മസംതൃപ്തി വരുത്തലാണ് പരിപാടി.പെങ്ങന്മാരും ഇത്താത്തമാരും കുന്നിൻ്റെ മോളിൽ പോയി മൈലാഞ്ചി കമ്പുകൾ പൊട്ടിച്ച് കൊണ്ട് വന്ന് അരക്കൽ തുടങ്ങും. ഞാനതിനെ ചാണകം എന്നും പറഞ്ഞ് ഓലെ പിന്നാലെ നടന്ന് കളിയാക്കും. കൈയ്യിലിട്ടാലും കളിയാക്കൽ നിർത്തലില്ലേന്നു. സുബഹി ആയാ പിന്നെ ഒക്കെ ജഗപൊഗ ആണ്. സഹിക്കാൻ പറ്റാത്ത ഒന്ന് ഉമ്മാൻ്റെ എണ്ണ തേക്കലാണ്. പിടിച്ച് വെച്ച് എണ്ണ പാത്രം ഒന്നാകെ നെറൂകൂടെ ഒരു കമഴ്ത്തലാണ്.നാലുപാടും എണ്ണ ഒലിച്ച് കണ്ണിലൊക്കെ ആയി ഞാനങ്ങനെ ദേഷ്യത്തിൽ ഇരിക്കും. പലപ്പോഴും ഞാൻ പാത്തുമ്മയുടെ ആടിലെ അബുവിനെപ്പോലായിരുന്നു.കുഞ്ഞുങ്ങളുടെ കലപില കരച്ചിൽ കേട്ടാൽ ഞാൻ വലിയ വായിൽ ഒച്ചയിടും. ഒച്ച കേട്ട് കുട്ടികളും കോഴികളുമടക്കം സകലമാന ജന്തു മിത്രാതികളും ഒരു നിമിഷത്തേക്ക് സ്തബ്ധരാകും.ഞ്ഞിം പറഞ്ഞാൽ അന മലൂദാ കുമെന്ന് കരുതി ഞമ്മക്ക് പെരുന്നാൾ വിശേഷങ്ങളിലേക്ക് കടക്കാ... കുളിയും ചായ കുടിയുമൊക്കെ കഴിഞ്ഞ് പുത്തൻ ഡ്രസ്സൊക്കെ ഇട്ട് ഇറങ്ങുമ്പോ സ്കൗട്ട് ടീച്ചറെ പ്പോലെ ഉമ്മ വാതിൽക്കൽ നിക്ണ്ടാവും.കോളൊ റൊക്കെ ഒന്നൂടി ശെരിയാക്കി സലാം പറഞ്ഞ് ഞങ്ങളെ യാത്രയയക്കും. പെരുന്നാളിന് പള്ളിയിലേക്കുള്ള പോക്കും വരവും രണ്ട് വഴിയിലൂടെ ആവൽ സുന്നത്തുണ്ടെന്ന് പറഞ്ഞ് പോകുമ്പോ അയോധ്യ വഴിപോകും. നിസ്കാരമൊക്കെ കഴിഞ്ഞ് എല്ലാരെം കണ്ട് പരസ്പരം പുണർന്ന് വല്ലിമ്മാൻ്റം വലിപ്പൻ്റെം ഖബറിങ്ങൽ പോകും.ഓരോ ഖബറിനടുത്തും എത്ര ആളുകൾ കൂടി നിൽക്കുന്നുണ്ടെന്ന് നോക്കിയാണ് ഞാൻ അന്നത്തെ കുടുംബകെട്ടുറപ്പ് മനസ്സിലാക്കൽ. തോനെ ആളുണ്ടെങ്കിൽ ഇബല് ഉഷാറാണല്ലോ എന്ന് മനസ്സിൽ പറയും. പള്ളി വിട്ടാൽ ഞാനും കളിക്കൂട്ടുകാരനും കൂടപ്പിറപ്പുമായ ഉണ്ടപ്പൊരിയും(ഉനൈസ്) അനിയനും മൂത്താപ്പാൻ്റെ മക്കളും എല്ലാരും ചേർന്ന് അങ്ങാടീലെ കൂൾബാറിന്ന് അവിൽ വിൽക്ക് കുടിക്കും. അതിനൊരു പ്രത്രേക രുചേർന്നു.എന്നും കിട്ടാത്ത സാധനങ്ങളുടെ കൂട്ടത്തിലായിരുന്നു അന്നതെല്ലാം.പിന്നെ നടന്ന് പെരീലെത്തി കുടുംബങ്ങളിലൊക്കെ പോയി ഉച്ചക്കത്തെ ശാപ്പാടും അടിച്ച് പൊന്നാനി കടപ്പുറത്തേക്ക് ഞങ്ങൾ വെച്ചടിക്കും.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌