നീ പോയതിനു ശേഷം
നീ പോയതിന് ശേഷം
നീ പോയശേഷം മാത്രമാണ്
നിന്നിലെ മാന്ത്രികനെ
ഞാൻ തിരിച്ചറിഞ്ഞു തുടങ്ങുന്നത്...
പറയുന്ന വാക്കുകൾക്കും
വായിക്കുന്ന വരികൾക്കുമുള്ളിൽ
ചിരിച്ചു കൊണ്ട് നിൽക്കുന്ന
നടക്കുന്നിടങ്ങളിലും
കാണുന്ന കാഴ്ചകളിലും
നിറഞ്ഞ സാമിപ്യമാകുന്ന
നിന്നിലെ മാന്ത്രികനെക്കണ്ട്
വിശ്വസിക്കാനാകാതെ തരിച്ചു നിൽക്കാറുണ്ട്
ഞാനിപ്പോഴൊക്കെ...
ആദ്യമായി കടൽ കാണുന്ന
ആദ്യമായി ആകാശം കാണുന്ന
ആദ്യമായി നക്ഷത്രങ്ങളെ കാണുന്ന
കുട്ടിയെ പോലെ
നിന്റെ മാന്ത്രികതയിൽ
ഞാൻ അലിഞ്ഞില്ലാതെയാകുന്നു...
കൂടെ ഉണ്ടായിരുന്ന നിമിഷങ്ങളിൽ
തരാൻ മടിച്ച സ്നേഹത്തിന്റെ
പല ഭാവങ്ങളെയും
എന്നിലേക്ക് ഒഴുക്കുന്ന
നിന്റെ അദൃശ്യമായ സാന്നിധ്യത്തെ എങ്ങനെയാണ് ഞാൻ അടയാളപ്പെടുത്തുക...
അതുകൊണ്ടാകാം ഇപ്പോഴൊക്കെ
നിന്നെഞാൻ മുൻപത്തേക്കാൾ ഗാഢമായി പ്രണയിച്ചു പോകുന്നത്
അതുകൊണ്ട് മാത്രമാകാം വരില്ലെന്നുറപ്പുണ്ടായിട്ടും ഈ മാന്ത്രികതയിൽ തന്നെ ഒടുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നതും...



🖤
മറുപടിഇല്ലാതാക്കൂ