ഫിലിം റിവ്യൂ
നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി
"യാത്ര ഒരു ലഹരിയാണ്. ആഗ്രഹങ്ങളും ദു:ഖങ്ങളും സന്തോഷങ്ങളുമെല്ലാം ഒരു ബൈക്കിൻ്റെ പിറകിൽ വെച്ച് കെട്ടി എങ്ങോട്ടെന്നില്ലാത്ത ഒരു യാത്ര"
ബൈക്കിലൊരു ലോങ്ങ് റൈഡിന് വല്ലാണ്ട് മുട്ടുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടാൻ പലപ്പോഴും കാണുന്ന സിനിമയാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി.സമീർ താഹിർ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ സൽമാനാണ് നായകനായെത്തുന്നത്.കോളേജ് കാലത്ത് ഏതൊരു പയ്യന്മാർക്കുമുണ്ടാകുന്ന അഭിനിവേഷങ്ങളാണ് കാസിക്കും അതിലുള്ളത്. യാത്രയോടും ബുള്ളറ്റിനോടും കമ്യൂണിസത്തോടും പ്രണയത്തോടുമൊക്കെയുള്ള അടങ്ങാത്ത മുഹബ്ബത്ത്. എല്ലാവർക്കുമുണ്ടാകും തലതെറിച്ച ഞമ്മളെ വീട്ടുകാർക്ക് പിടിക്കാത്ത നമ്മെ പാതിരാത്രിക്കും പാതിരാവിലും വീട്ടിൽ നിന്ന് വിളിച്ചിറക്കി ഉഡായിപ്പുകൾക്ക് കൊണ്ടു പോകുന്ന ഒരു ചങ്ക്. സിഗരറ്റ് വാങ്ങി കട്ടാഫ് അടിക്കുന്ന വായ് നോക്കാൻ കട്ടക്ക് കൂടെ നിക്കണ ഒരുത്തൻ. അതാണ് കാസിയുടെ സുനി. വലിയൊരു പ്രണയത്തിൻ്റെ ഓർമകൾ മറക്കാൻ വേണ്ടി സുനിയെപ്പോലും കൂടാണ്ട് എങ്ങോട്ടെന്നില്ലാതെ ബുള്ളറ്റുമെടുത്ത് യാത്ര തിരിക്കുന്ന കാസിക്ക് മുന്നിൽ സുനി വന്ന് കയറുന്നതാണ് ആദ്യ സീൻ.
എന്ത് മറക്കാനാഗ്രഹിച്ചാണോ യാത്ര തുടങ്ങിയത് അതിലേക്ക് തന്നെ യാത്രയുടെ അവസാനം അവനെത്തിച്ചേരുന്നു. ഇതിനിടയിൽ അവരുടെ കോളേജ് ലൈഫും പാർട്ടി പ്രവർത്തനവും അസിയോടുള്ള പ്രണയവുമെല്ലാം ഒരു യാത്രയിലെന്ന പോലെ പറഞ്ഞ് തീർക്കുകയാണ് സംവിധായകൻ. വെറുമൊരു റൊമാൻസ് മൂഡ് മാത്രമാക്കാതെ ഇന്ത്യയുടെ രാഷ്ട്രീയവും വർഗീയതയും അരക്ഷിതാവസ്ഥയും എല്ലാം സിനിമയിലൂടെ കൃത്യമായി പറഞ്ഞ് പോകുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയം സിനിമക്കുണ്ടെന്ന് വ്യക്തം.ബുള്ളൈറ്റുമെടുത്ത് ചുമ്മാ ഒന്ന് ഹിമാലയവും ലഡാക്കുമൊക്കെ കണ്ടിട്ട് വരാം എന്ന് കരുതുന്ന ന്യൂജെൻ റൈഡേഴ്സിന് കാര്യമായ ചില സന്ദേശങ്ങൾ സിനിമ നൽകുന്നുണ്ട്. സോളോ റൈഡ് എന്നും പറഞ്ഞ് ഒരു വൈബിൻ്റെ പുറത്ത് ഇറങ്ങിത്തിരിച്ചാൽ വഴിയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നും ഇത് മനസ്സിലാക്കിത്തരുന്നുണ്ട്. മനസ്സിലൊരു പ്രണയം കനലായി കത്തുമ്പോൾ മറ്റൊരാൾക്ക് പ്രതീക്ഷകൾ നൽകരുതെന്ന് കാസിപറഞ്ഞ് തരുന്നു.പുരിയിൽ വെച്ച് ഇഷിതയെ കണ്ടുമുട്ടുമ്പോൾ അവളോടൊരു സ്നേഹം തോന്നുമെങ്കിലും അത് ദൃഡപ്പെടുമോ എന്ന് ഭയന്നത് കൊണ്ടാണ് അവിടന്ന് യാത്ര തിരിക്കുന്നത്.
നമ്മെ ഏറെ മനസ്സിലാക്കുന്ന ഒരാളുടെ കൂടെ യാത്ര പോവുക എന്നത് വലിയൊരു അനുഭവമായിരിക്കും. കാസിയുടെയും സുനിയുടെയും റൈഡ് കാണുമ്പോൾ ഏറെ മനസ്സിൽ ഉദിച്ച് നിൽക്കുന്ന കാഴ്ച അവരുടെ സ്നേഹവും കരുതലുമായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് അവരുടെ കണ്ണിലെ തിളക്കം കണ്ട് സായൂജ്യമടയുന്ന ചാർളിയൻ സ്റ്റൈൽ പലപ്പോഴും ഇതിലും കാണുന്നുണ്ട്. കൽക്കത്തയിലെ ബിമൽദായുടെ ഗ്രാമത്തിൽ അരി പൊടിക്കാനായി മെഷീനുണ്ടാക്കി കൊടുത്ത് അവരുടെ കണ്ണിലെ തിളക്കവും കണ്ട് മനസ്സറിഞ്ഞ് ആഹ്ലാദിക്കുന്ന കാസിയെ കാണാം. ആസാമിലെ കലാപ പ്രദേശങ്ങളിലൂടെ ബൈക്കോടിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങൾ ഇന്ത്യയുടെ പൊളിറ്റിക്സിനെയും കമ്യൂണലിസത്തെയും നമുക്ക് മുന്നിൽ വരച്ച് കാട്ടുന്നുണ്ട്. ഇന്ത്യയെ അറിയാൻ ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് പോകുക എന്ന ഗാന്ധിയൻ ദർശനം എത്രത്തോളം അർത്ഥവത്താണെന്ന് നമുക്കപ്പോൾ മനസ്സിലാകും. കേരളത്തിലെ ഉമ്മമാരുടെ വിവാഹ സങ്കൽപങ്ങളിൽ ഇന്നുമൊരു മാറ്റം വന്നിട്ടില്ലല്ലോ എന്നൊരു ആലോചന 2020 ലും ഈ ഫിലിം കണ്ടപ്പോൾ മനസ്സിലൂടെ കടന്നുപോയി. ഏതായാലും ഒരു ഫീൽ ഗുഡ് സിനിമ കണ്ട പ്രതീതിയോടെ നമുക്കിത് അവസാനിപ്പിക്കാമെന്ന് തീർച്ച.
-ജോഷ്യോ കാൾട്ടൻ 🎭






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ