ആത്മഹത്യ
''ബീരാൻക ആത്മഹത്യ ചെയ്തു"
നോമ്പായത് കൊണ്ട് രാവിലത്തെ ഉറക്കവും കഴിഞ്ഞ് എണീറ്റ് വാപ്പാൻ്റെ കടയുടെ അടുത്ത് പോയപ്പോ കേട്ട ആദ്യ വാർത്ത അതായിരുന്നു. വെറ്റിലക്കെട്ടും തലയിലേറ്റി കള്ളി ട്രൗസർ കാണും വിധത്തിൽ മുണ്ട് മടക്കിക്കുത്തി കുമ്പിടിയിലെ കടകളെ ലാക്കാക്കി നടക്കുന്ന ബീരാൻകാൻ്റെ മുഖം ഓർമ വന്നു. എന്തിനാണ് മൂപ്പർ ആത്മഹത്യ ചെയ്തത്? ബൈക്കെടുത്ത് അങ്ങാടിയിലേക്ക് പോകുമ്പോൾ ആലോചന മുഴുവൻ അതെ കുറിച്ചായിരുന്നു.നാലാം ക്ലാസിൽ മദ്രസയിൽ പഠിക്കുന്ന കാലം കുമ്പിടിയിലെ അറവ് ശാലയുടെ ചെറിയ മുറിയുടെ കഴുക്കോലിൽ കിടന്നാടുന്ന ഒരു ശരീരമാണ് മനസിലേക്കെത്തുന്നത്.ആദ്യമായി തൂങ്ങി മരിച്ചരൊളെ കണ്ടത് അന്നായിരുന്നു. അതിന് ശേഷം പലരും ദുൻയാവിലെ പ്രശ്നങ്ങളിൽ പൊറുതിമുട്ടി ഒരു മുഴം കയറിൽ ഒടുങ്ങിയത് തരിച്ചിരുന്ന് കേട്ടിട്ടുണ്ട്. ആളുകളെന്തിനാണിങ്ങനെ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നതെന്ന് ഒരു പാട് ആലോചിച്ചിട്ടുണ്ട്. ഡിഗ്രി അവസാനവർഷം സഅദ് സൽമി സാർ എമിലി ഡർക്കീമിൻ്റെ The Suicide ക്ലാസെടുത്ത് തരുമ്പോഴും ആത്മഹത്യയിലെ ജൈവിക എലമെൻ്റിനെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.ഡർക്കീം വ്യത്യസ്ത ആത്മഹത്യാ ടൈപ്പുകൾ പറഞ്ഞ് തന്നെങ്കിലും ബീരാൻകാൻ്റെ മരണത്തെ അതിലൊന്നും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആൽബർട് കാമുവിൻ്റെ മിത്ത് ഓഫ് സിസിഫസ് കാണുമ്പോഴാണ് കുറെ കൂടി സംതൃപ്തമായ ഉത്തരങ്ങൾ കണ്ടെത്തിയത്. വല്ലാത്ത ശൂന്യത അനുഭവപ്പെട്ടാണ് ഇതെഴുതുന്നത്. വെറ്റിലക്കെട്ടും താങ്ങി അങ്ങാടിൽ പോകുന്നതിനിടക്ക് ഉപ്പാൻ്റെ കടയിൽ ഇങ്ങേര് കേറാറുണ്ട്.ഒരിക്കൽ കടയിൽ ഞാനിരിക്കുമ്പോ ബീരാൻക വെറ്റിലക്കെട്ടും കൊണ്ട് വന്നു. 'വോണോന്ന് ചോദിച്ചു, ആ രണ്ട് കെട്ട് വേണമെന്ന് പറഞ്ഞു.പെട്ടെന്ന് ആളുടെ ഹാല് മാറി. മുഴുത്ത നാല് തെറിയും എനിക്ക് തന്ന് വെറ്റിലക്കെട്ടുമെടുത്ത് അങ്ങേര് ഇറങ്ങി നടന്നു. ഇത്രമാത്രമെ വ്യക്തിപരായി ഞാനിദ്ദേഹത്തോട് മിണ്ടിയിട്ടുള്ളൂ.. എങ്കിലും എന്തോ ഒരു ശൂന്യത പെരുവിരലിൽ നിന്ന് തുടങ്ങി ശരീരമാകെ ബാധിക്കുന്നുണ്ട്. സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ പറയുന്ന റോബർട്ട് ബർട്ടൻ്റെ The anatomy of melancholy മനസ്സിലേക്ക് ഓടി വരുന്നു.വിഷാദം എവിടെ നിന്നാണ് വരുന്നത്? അതെങ്ങനെ മനുഷ്യനെ കീഴ്പ്പെടുത്തുന്നു എന്നിവയെല്ലാം പറയാനാണ് ബർട്ടനത് എഴുതിയത്.വ്യത്യസ്ത ജീവികളെ കീറിമുറിച്ച് വിഷാദം ഉത്ഭവിക്കുന്ന വഴി കണ്ടെത്താൻ അദ്ദേഹം പരിശ്രമിച്ചു. ചിന്തയുടെ കടന്നൽകൂടിളകി കാട് കയറുമ്പോഴും ആളുകൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാറുണ്ട്. വെള്ളത്തൂവൽ ചന്ദ്രൻ്റെ ജർമൻകാരി മദാമ്മ ആത്മഹത്യ ചെയ്യുമ്പോൾ എഴുതി വെച്ച 'മൈ ബ്രെയിൻ ഈസ് മൈ എനിമി ' എന്ന വാചകമാണോർമ വരുന്നത്. പക്ഷെ കടുത്ത വിഷാദവും ഇപ്പറഞ്ഞ അഡാര ചിന്തയും ഞാനറിയുന്ന ബീരാൻ കാക്ക് ഇല്ലെന്നാണ് എൻ്റെ വിശ്വാസം.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ