ചാമ്പ്യൻ (കുട്ടൻ പോപോവിച്)
" എനിക്ക് ആണായി ജനിച്ചാ മതി. രാവിലെ എന്തെങ്കിലും പണിക്കൊക്കെ പോയി, വൈകിട്ട് കള്ള് ഷാപ്പീന്ന് രണ്ടെണ്ണം അടിച്ച് ബഹളം വെച്ച്, വീട്ടി കയറി ഭാര്യയുടെ മുടിയി കയറി പിടിക്കുന്ന ഒരു പാവത്താനായ ആണ്ണ്..."
ഒരു തുടക്കത്തിനായി കാത്തിരിക്കുന്നൊരിടത്ത് വെച്ച് അവർ കണ്ടു മുട്ടുകയാണ്. പ്രപഞ്ചത്തിന്റെ നശ്വരതയിലേക്ക് വീണ് പോവത്തൊരിടമായത് കൊണ്ട് തന്നെ അവർക്ക് പേരുകൾ നല്കപ്പെട്ടിട്ടുമില്ല. കഥയുടെ സുഖകരമായ മുന്നോട്ട് പോക്കിന് നമുക്കവരെ കുട്ടപ്പനെന്നും ചന്ദ്രികയെന്നും വിളിക്കാം. മറ്റെല്ലാവരെയും പോലെ ഇവരും ആ മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അണ്ഡവുമായി ചേർന്ന്, ഗർഭപാത്രത്തിലെത്തി, ഒരു കുഞ്ഞായി പരിണമിച്ച്, ഒടുവിൽ ഭൂമിയിലേക്ക് ജനിച്ച്, സ്വന്തം സ്വത്വത്തെ കണ്ടെത്താനാവാതെ മരിച്ചു മണ്ണായി തീരുന്ന മനുഷ്യനാവുക എന്ന മുഹൂർത്തത്തിന്റെ ആരംഭത്തിന് വേണ്ടി കാത്തിരിക്കുകയാണ് മറ്റെല്ലാവരെയും പോലെ ചന്ദ്രികയും കുട്ടപ്പനും.
" ഞാൻ ജനിക്കുമ്പോ പെണ്ണായിരിക്കുമല്ലേ? " ചന്ദ്രികയുടെ ചോദ്യം കേട്ട് കുട്ടപ്പനൊന്ന് ചിരിച്ചു.
" ആണായിട്ട് ജനിക്കുന്നല്ലേ കുറച്ചൂടി നല്ലേ, ആണുങ്ങളാവുമ്പോ ബീഡി വലിക്കാം, ഏത് രാത്രിയും പുറത്തിറങ്ങി നടക്ക... "
"ഇതൊക്കെ പെണ്ണായി ജനിച്ച പറ്റത്തില്ലേ? എനിക്ക് പെണ്ണായി ജനിച്ച മതി. "
" എനിക്ക് ആണായി ജനിച്ച മതി. രാവിലെ എന്തെങ്കിലും പണിക്കൊക്കെ പോയി, വൈകിട്ട് കള്ള് ഷാപ്പീന്ന് രണ്ടെണ്ണം അടിച്ച് ബഹളം വെച്ച്, വീട്ടി കയറി ഭാര്യയുടെ മുടിയി കയറി പിടിക്കുന്ന ഒരു പാവത്താനായ ആണ്ണ്..."
മറ്റൊരു ലോകത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. പുതിയൊരു ലോകത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ, ചിന്തകൾ, സംവാദങ്ങൾ. മറ്റൊരു ലോകത്തേക്കെത്തുവാൻ ദൈവം വെച്ചൊരു ഉപാധി വിജയിക്കുക എന്നു മാത്രമാണ്.
"നമ്മളിലാര ജയിക്കാൻ പോന്നെ? " ചില നാട്ടുവർത്തമാനങ്ങൾക്കിടയിൽ കുട്ടപ്പൻ ചന്ദ്രികയോട് ചോദിച്ചു.
"അറിയില്ലടോ. ഇത്രയും വരുന്ന സൈന്യത്തെ തോൽപ്പിച്ച് എനിക്ക് മുന്നേറാൻ സാധിക്കോ എന്നെനിക്കറിയില്ല. പക്ഷെ എനിക്ക് ജയിക്കണം കുട്ട. എനിക്ക് ആ സുന്ദര ലോകത്ത് ജീവിക്കണം. അവിടത്തെ പുഴക്കരയിൽ ഒരു ഉന്മാദിയെ പോലെ നൃത്തം ചെയ്യണം. സമുദ്രത്തിന്റെ നടുവിൽ നിന്നും എല്ലാവരും കേൾക്കെ കൂവണം. മലകൾ കീഴടക്കണം. മഞ്ഞിൽ കിടന്നുറങ്ങണം. വേദനിക്കണം, കരയണം, ചിരിക്കണം, അങ്ങനെ ഒരുപാടുണ്ടടോ. "
"താൻ ജയിക്കുമായിരിക്കുമല്ലേ? "
"കുട്ടനിത് പോലെ സ്വപ്നങ്ങളൊന്നുമില്ലേ? "
"ഓ... എനിക്ക് ചുമ്മാ ജീവിച്ചു മരിച്ച മതിയെന്നെ. "
പെട്ടെന്നൊരൊഴുക്ക് അവരെ ചലിപ്പിക്കാൻ തുടങ്ങി. പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു. പലയിടങ്ങളിൽ നിന്നും ആരവങ്ങൾ കേട്ടു തുടങ്ങി. പിന്നീടാരും മറ്റുള്ളവരുടെ കാര്യം ശ്രദ്ധിച്ചില്ല. സ്വാർത്ഥതയുടെ ആദ്യ പാഠം പഠിക്കുന്നത് അവിടെ നിന്നാവണം. കുട്ടപ്പനും, ചന്ദ്രികയും പരമാവധി വേഗതയിൽ മുന്നേറി. ഒടുവിൽ കുട്ടപ്പൻ അണ്ഡവുമായി ചേരുന്നിടത്തെത്തി. കുട്ടപ്പൻ ചന്ദ്രികയിലേക്ക് കണ്ണുകളെ പായിച്ചു. നിറഞ്ഞ കണ്ണുകളുമായി ചന്ദ്രിക പിന്നിൽ നിൽപ്പുണ്ടായിരുന്നു. കുട്ടപ്പൻ ചെറു പുഞ്ചിരി നൽകി കൊണ്ട് അണ്ഡവുമായി ചേർന്നു.
ജനിക്കാതെ പോയ എന്റെ ബീജ കണങ്ങളെ, നിങ്ങളെനിക്ക് മാപ്പ് തരിക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ